തദ്ദേശ സ്ഥാപന ചരിത്രം

2011 ലെ സെന്‍സസ് പ്രകാരം  ഗ്രാമപഞ്ചായത്തിലെ മൊത്തം ജനസംഖ്യ  22482-ആണ്. ഇതിൽ 11450-പേർ സ്ത്രീകളും. 11032- പേർ പുരുഷൻമാരുമാണ്. 2621 പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും 60 പേര്‍ പട്ടികവര്‍ഗ വിഭാഗക്കാരുമാണ്.  അവണൂർ ഗ്രാമപഞ്ചായത്തിന്റെ മൊത്തം സാക്ഷരതാനിരക്ക് 96.5%-ആണ്. 

തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ദേശീയ ശ്രദ്ധ ആകർഷിച്ച ഈ പഞ്ചായത്തിലാണ് കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയും സ്ഥിതി ചെയ്യുന്നത്. 

അവണൂർ ഒരു ഇടനാട് പ്രദേശമാണ്. ആദ്യകാലങ്ങളിൽ നെൽകൃഷിയായിരുന്നു കൂടുതലായും ചെയ്തു വന്നിരുന്നത്. കുരുമുളക് കൂടാതെ തെങ്ങ്, വാഴ, കവുങ്ങ്. നെല്ല് മറ്റ് പച്ചക്കറികൾ എന്നിവയും ഈ പഞ്ചായത്തിൽ കൃഷി ചെയ്തുവരുന്നു. 

 14 കുളങ്ങളും, 29 പൊതുകിണറുകളും ഈ പഞ്ചായത്തിലെ ജലസ്രോതസ്സുകളാണ്. ഇതു കൂടാതെ 242 പൊതുകുടിവെള്ള ടാപ്പുകൾ ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. 

കൊച്ചിയാണ് ഏറ്റവും അടുത്തുള്ള തുറമുഖം. മുളകുന്നത്തുകാവിലാണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. വിദേശയാത്രക്കായി ഗ്രാമവാസികൾ നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 

പൊതുവിതരണ മേഖലയിൽ 8 റേഷൻകടകൾ ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. ഇതുകൂടാതെ ഒരു മാവേലി സ്റ്റോറും രണ്ട് നീതി സ്റ്റോറും ഈ പഞ്ചായത്തിലുണ്ട്. 

പഞ്ചായത്തിൽ അധിവസിക്കുന്ന വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുടെ ആചാരാനുഷ്ഠാനങ്ങളിൽ വൈജാത്യമുണ്ടെങ്കിലും വൈവിധ്യങ്ങൾക്കതീതമായി ഒരേ ചരടിൽ കോർത്ത വ്യത്യസ്ത പുഷ്പങ്ങളെപോലെ വർത്തിക്കുന്ന സാംസ്കാരിക പശ്ചാത്തലമാണ് അവണൂരി‌ന്റേത്. പഞ്ചായത്തിൽ നിലനിൽക്കുന്ന വ്യത്യസ്ത ആരാധനാലയങ്ങൾ നാടിന്റെ പ്രാചീന സംസ്കൃതിയെ വിളിച്ചോതുന്നവയാണ്. 

അവണൂരിന്റെ സാംസ്കാരിക പശ്ചാത്തലം തന്നെ ജനങ്ങളുടെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും അധിഷ്ഠിതമായ ആരാധനാലയങ്ങളുടെ ചരിത്രമാണ് എന്നത് സുവ്യക്തമാണ്. വെളപ്പായ ശിവക്ഷേത്രം, ചൂലിശ്ശേരി മഹാവിഷ്ണുക്ഷേത്രം, ചൂലിശ്ശേരി ശിവക്ഷേത്രം, വരടിയം അയ്യപ്പൻകാവ്, വരടിയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അവണൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രം, അവ‌ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, എടക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ. വെളപ്പായ പള്ളി, കോളങ്ങാട്ടുകര പള്ളി, വരടിയം പള്ളി, സെന്റ് ആന്റണീസ് ചർച്ച് തങ്ങാലൂർ, സെന്റ് മേരീസ് ചർച്ച് തങ്ങാലൂർ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ക്രിസ്ത്യൻ ദേവാലയങ്ങൾ. തൈപൂയം, പൂരം, തെയ്യം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.

വെളപ്പായയിൽ ഒരു കുടുംബ ആരോഗ്യകേന്ദ്രവും ചൂലിശ്ശേരിയിലും അവണൂരും  സബ് സെന്ററുകളും പ്രവർത്തിക്കുന്നു. എടക്കുളത്ത് ഒരു സർക്കാർ ആയുർവ്വേദ ആശുപ്രതിയും ഹെല്‍ത്ത് യൂണിവേഴ്സിറ്റിയോട് ചേര്‍ന്ന് ഹോമിയോ ഡിസ്പെൻസറിയും ഒരു ആയുർവ്വേദ ആശുപ്രതിയും  പ്രവർത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി എടക്കുളത്ത് ഒരു സർക്കാർ വെറ്റിനറി ആശുപത്രി പ്രവർത്തിക്കുന്നു. 

അവണൂരിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ആവിർഭാവത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മിഷനറിമാർ ആരംഭിച്ച വിദ്യാലയങ്ങളുടെ മാതൃകയിൽ ഈ പഞ്ചായത്തിലും വിദ്യാലയങ്ങളുണ്ടായി. നിലവിൽ ഗവ. യു.പി. സ്കൂൾ വരടിയം, ശാന്ത എച്ച്.എസ്.എസ് അവണൂർ, എ.എൻ.എം.യു.പി. സ്കൂൾ മണിത്തറ, എസ്.എം.എൽ.പി.സ്ക്കൂൾ ചൂലിശ്ശേരി, എസ്.ഡി.എസ്.എൽ.പി.സ്കൂൾ വെളപ്പായ, വി.വി.എല്‍.പി. സ്കൂൾ എടക്കുളം, ഐ.എച്ച്.ആര്‍.ഡി വരടിയം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്നു. 

വെളപ്പായ ഗ്രാമീണ വായനശാല, പ്രതിഭ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്, റിക്രിയേഷന്‍ ക്ലബ്ബ് ചൂലിശ്ശേരി , കോളങ്ങാട്ടുകര വായനശാല , വരടിയം വായനശാല തുടങ്ങിയവയാണ് അവണൂരിലെ പ്രധാന ഗ്രന്ഥശാലകൾ. 

മണിത്തറയിൽ ഒരു കമ്മ്യൂണിറ്റി ഹാളും ഈ പഞ്ചായത്തിന്റേതായി പ്രവർത്തിക്കുന്നു. അസിസ്റ്റന്റ് എഞ്ചീനീയറുടെ ഓഫീസ്,  വി.ഇ.ഒ. ഓഫീസ്,ഐ.സി.ഡി.എസ്. ഓഫീസ്, അസിസ്റ്റന്റ് എഞ്ചീനീയറുടെ ഓഫീസ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവ പഞ്ചായത്ത് കെട്ടിടത്തിലും കൃഷിഭവൻ മണിത്തറയിലും പ്രവർത്തിക്കുന്നു. 

മെഡിക്കല്‍ കോളേജ്, എടക്കുളം, വരടിയം, ചൂലിശ്ശേരി എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നു. വില്ലേജ് ഓഫീസ് ചൂലിശ്ശേരി ,വരടിയം (അവണൂര്‍-വെളപ്പായ ഗ്രൂപ്പ് വില്ലേജ്), മുണ്ടൂര്‍ (തങ്ങാലൂര്‍-അഞ്ഞൂര്‍ ഗ്രൂപ്പ് വില്ലേജ്) എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്നു. വാട്ടർ അതോറിറ്റി ഓഫീസ് തൃശ്ശൂരിലാണ് സ്ഥിതി ചെയ്യുന്നത്.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന്‍ , പേരാമംഗലം പോലീസ് സ്റ്റേഷന്‍ എന്നിവയുടെ അധികാര പരിധിയിലാണ് അവണൂര്‍ ഗ്രാമപഞ്ചായത്ത് വരുന്നത്.