ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. ചരിത്രപ്രസിദ്ധമായ വെളപ്പായ ശിവക്ഷേത്രം, വെളപ്പായ പള്ളി, ചൂലിശ്ശേരി വിഷ്ണു ക്ഷേത്രം, കോളങ്ങാട്ടുകര പള്ളി, വരടിയം പള്ളി, വരടിയം അയ്യപ്പൻകാവ് ക്ഷേത്രം, വരടിയം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, അവണൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രം. അവണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, എടക്കുളം ശ്രീ സുബ്രഹ്ണ്യസ്വാമി ക്ഷേത്രം എന്നിവ പേരുകേട്ട ആരാധനാലയങ്ങളാണ്. ആരാധനാലയങ്ങളോട് ബന്ധപ്പെട്ട് സംസ്കാരിക തനിമ വിളിച്ചറിയിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഇന്നും നിലനിൽക്കുന്നു. കോമാട്ടിൽ അച്യുതമേനോൻ കേരളത്തിലെ സ്ഥലനാമങ്ങൾ എന്ന പുസ്തകത്തിൽ വിരാട രാജാക്കൻമാർ അധിവസിച്ചിരുന്ന സ്ഥലമായിരുന്നു വരടിയം എന്നും അവർ രാജ്യം ഭരിച്ചിരുന്നു എന്നും പ്രതിപാദിച്ചിട്ടുണ്ട്. തുടർന്ന് വിരാടപുരം എന്ന് അറിയപ്പെട്ടിരുന്നത് ലോപിച്ച് വരടിയം എന്നായി എന്നാണ് ഐതിഹ്യം. ഇത് പ്രസിദ്ധ എഴുത്തുകാരനായ പി.ജി.പട്ടാമ്പിയും അനവധി പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1941 ൽ കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായി. പ്രഥമ സമ്മേളനം വരടിയം പാണ്ടിയാത്ത് കറപ്പന്റെ വീട്ടുപറമ്പിൽ കൂടുകയും നിജലിംഗപ്പ പ്രസിഡന്റായിട്ടുള്ള പ്രജാമണ്ഡലം അങ്ങനെ ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനത്തിൽ അണിചേരുകയും അവണൂർ പഞ്ചായത്തിനും പ്രത്യേകിച്ച് വരടിയത്തിനും രാഷ്ട്രീയവും സാമൂഹികവുമായ സ്ഥാനം അതിലൂടെ ലഭിക്കുകയും ചെയ്തു. 1910 ൽ എൽ.പി.സ്കൂളായി തുടങ്ങി ഇപ്പോൾ സർക്കാർ യു.പി സ്കൂളായി പ്രവർത്തിക്കുന്ന വരടിയം സ്കൂളാണ് അവണൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാൻ വരടിയം ഇട്ട്യാണത്ത് പാറുകുട്ടിയമ്മയെ വിവാഹം ചെയ്തതുവഴി കൊച്ചി രാജ്യത്തിൽ വരടിയത്തിന് മഹനീയ സ്ഥാനം ലഭിക്കുകയും ഈ പ്രദേശത്തുള്ള അന്നത്തെ നാട്ടു പ്രമാണിമാരായ പുന്നത്തൂർ രാജവംശക്കാരുമായി ബന്ധപ്പെടുകയും അതുവഴി അവർക്ക് ഭരണകാര്യങ്ങളിൽ പങ്കാളികളാവുന്നതിന് സാധിക്കുകയും ചെയ്തു. പുന്നത്തൂർ രാജ വംശത്തിന്റെ താമസസ്ഥലമായ പുന്നത്തൂർ മടുപ്പാട് എന്ന കെട്ടിടവും ഇവിടെ ഉണ്ടായിരുന്നു. ആ സ്ഥലം മടപ്പാട്ട് പറമ്പ് എന്ന് ഇന്നും അറിയപ്പെടുന്നു. അവരുടെ ആരാധനയ്ക്ക് പുന്നത്തൂർ വക വരടിയം പൂർണ്ണ പുഷ്കല സമേതനായ ശാസ്താവ് എന്ന നാമത്തിൽ വരടിയം അയപ്പൻ കാവ് ഉപയോഗിച്ചുവരുന്നു. ആദരണീയനായ മാനഴി നാരായണമേനോൻ സ്വാതന്ത്ര്യലബ്ധിക്കു മുന്ന തന്നെ വരടിയം സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ചു. ആസാദ് സർവ്വീസ് സഹകരണസംഘം എന്ന പേരിലാണ് സംഘം പ്രവർത്തിച്ചത്. വില്ലേജുകൾ ആരംഭിച്ച നാളുകളിൽ തന്നെ വരടിയം സ്കൂൾ കോമ്പൌണ്ടിനു താഴെ കച്ചേരി മാവിനോട് ചേർന്ന് കച്ചേരിപുര ഉണ്ടായിരുന്നു. അതിലാണ് ഈ വില്ലേജുകൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഈ സ്ഥലം വരടിയം സ്കൂളിനോട് ചേർത്തു. അയ്യപ്പൻകാവ്, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ രണ്ട് അമ്പലങ്ങളും സെന്റ് ആന്റണീസ് പള്ളിയും നിരവധി കുടുംബ ക്ഷേത്രങ്ങളും പാമ്പിൻകാവുകളും ഇവിടെ ഉണ്ട്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും പ്രതീകമായ തെങ്ങും നെല്ലും ധാരാളം വളർന്നിരുന്ന് തേങ്ങാനെല്ലൂരിൽ' നിന്നുമാണ് തങ്ങാലൂർ പേർ ഉത്ഭവിച്ചതെന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ടത്തിന്റെ വ്യക്തമായ ചരിത്രതെളിവുകൾ പഞ്ചായത്തിലുണ്ട്. പണ്ഡിതന്മാരായ നമ്പിമാർ താമസിച്ചിരുന്ന ഇല്ലങ്ങൾ പടയോട്ടത്തിൽ തകരുകയും ഇല്ലങ്ങളോടനുബന്ധിച്ച ക്ഷേത്രങ്ങളും ചെറിയ കോട്ടകളും നശിക്കുകയും ചെയ്തതിന്റെ തെളിവുകളും ഇവിടെ കാണാം. ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ മഹത്തായ സംഭാവനകൾ നൽകിയ പ്രമുഖ നേതാക്കളിൽ അവണൂർ ഗ്രാമ പഞ്ചായത്തിന് എന്നും ഉയർത്തിപിടിക്കാവുന്ന പേരാണ് കേരള സംസ്ഥാന മുൻ മുഖ്യമന്ത്രി ശ്രീ.സി.അച്ചുതമേനോന്റേത്. അവണൂരിലെ പ്രശ്നതമായ ചേലാട്ടു തറവാട്ടിൽ ജനിച്ച ശ്രീ. അച്ചുതമേനോൻ തന്റെ അനിതരസാധാരണമായ സ്വഭാവ വിശേഷങ്ങൾ, വ്യക്തിത്വം കറ പുരളാത്ത രാഷ്ട്രീയ പാരമ്പര്യം എന്നീ ഗുണങ്ങളിലൂടെ ഇന്ത്യയിലെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ട നേടിയെടുത്തു. പ്രസിദ്ധമായ തന്റെ ആത്മകഥയിൽ അവണൂരിൽ ശ്രീ. ചേലാട്ടു ഗോപാലമേനോൻ തുടങ്ങിയവരുമായി തനിക്കുണ്ടായിരുന്ന വ്യക്തിത്വബന്ധങ്ങൾ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. അയിത്തോച്ചാടനത്തിനും അധഃസ്ഥിതരുടെ ഉന്നമനത്തിനായുമുള്ള പ്രവർത്തനങ്ങൾ സ്വാതന്ത്ര്യസമരത്തിനു മുമ്പേ തന്നെ ആരംഭിച്ചിരുന്നു. ബാഹുമാന്യനായ പൊറുകുടിഞ്ഞത്ത് മനക്കൽ നാരായണൻ ഭട്ടതിരിപ്പാട്. വി.കെ.രാമൻ മാസ്റ്റർ, പരേതനായ വാവു, എ.കുട്ടൻ നായർ, വി.കെ.പ്രഭാകരൻ എന്നിവർ അവണൂർ പഞ്ചായത്തിലെ മുൻ പ്രസിഡന്റുമാരായിരുന്നു. അവണൂർ, ചുലിശ്ശേരി, വെളപ്പായ, തങ്ങാലൂർ എന്നീ നാലുവില്ലേജുകൾ ഉൾപ്പെടുന്നതും 18.25 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ അവണൂർ ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രപരമായി നീണ്ടുകിടക്കുന്ന പ്രദേശമാണ്. പഞ്ചായത്തിന്റെ തെക്കു ഭാഗത്തുള്ള കോളങ്ങാട്ടുകരയിൽ നിന്നും വടക്കേ അറ്റത്തുള്ള തങ്ങാലൂരിൽ എത്തിച്ചേരാൻ ഏകദേശം 10 കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നെൽകൃഷി, തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കൈതച്ചക്ക തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. പഞ്ചായത്തിൽ നടത്തിയ പര്യടനത്തിൽ നിന്നും ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തുപ്രദേശത്തെ മൊത്തം 6 മേഖലകളായി തിരിക്കാം. അവണൂർ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം രണ്ടാംവാർഡിൽപ്പെട്ട മയിലാടുംകുന്ന് പ്രദേശവും തങ്ങാലൂരിലെ കുന്നിൻ പ്രദേശവുമാണ്. പഞ്ചായത്തിലെ ഭൂപ്രകൃതി അനുസരിച്ച് കൂടുതൽ ഉപരിതലങ്ങളിലും വെട്ടുകല്ലും ചെമ്മണ്ണും ചരലും കാണുന്നു. ചെമ്മണ്ണ് കൂടുതലായി കണ്ടുവരുന്നു. ഫലഭൂയിഷ്ടമായ എക്കൽമണ്ണും, കളിമണ്ണും, നെൽപാടങ്ങളിൽ കാണുന്നുണ്ട്. പ്രധാന തൊഴിലായ നെൽകൃഷിയിൽ മുമ്പ് 3 പൂവ്വ് വിജയകരമായി ഉല്പാദനമുണ്ടായിരുന്നു. അവണൂർ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും അനേകം വർഷങ്ങളായി കൃഷി മുഖ്യ തൊഴിലായി സ്വീകരിച്ചിരുന്നു. നൂറ്റാണ്ടുകളായുള്ള കാർഷിക കേരളത്തിന്റെ ചിത്രം ഇവിടെയും കാണാം. നെല്ല്, കവുങ്ങ്. കശുമാവ്, വാഴ, മരച്ചീനി, കുരുമുളക്, പയറുവർഗ്ഗങ്ങൾ, കൈതച്ചക്ക എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷി ഇനങ്ങൾ. വിരിപ്പ്, മുണ്ടകൻ. പുഞ്ച തുടങ്ങിയ കൃഷികളും പാടശേഖരങ്ങളിൽ കാള, പോത്ത് എന്നിവയെ ഉപയോഗിച്ച് നാടൻ കലപ്പ കൊണ്ടുള്ള ഉഴവു സമ്പ്രദായവും നിലനിന്നിരുന്നു. ജലസേചനത്തിന് ചക്രം ചവിട്ട്, കയറ്റുകൊട്ട, തുലാത്തേക്ക്, കാളത്തേക്ക് എന്നീ രീതികൾ അവലംബിച്ചിരുന്നു.